എഴുകോൺ ചൊവ്വള്ളൂർ തേവരുപൊയ്ക മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് വിവിധ ഗ്രാമീണ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡുകൾ പൂർണമായും തകർന്ന് ചെളിക്കുണ്ടുകളായി മാറിയതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡുകളുടെ അവസ്ഥ
നടമേൽ ജംഗ്ഷൻ റോഡ്: നടമേൽ ജംഗ്ഷനിൽ നിന്ന് കശുഅണ്ടി ഫാക്ടറി വഴി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ ടാറിംഗ് പൂർണമായി ഇളകിമാറി.
ചെങ്കിലേരി കുളം റോഡ്: ക്ഷേത്രത്തിൽ നിന്ന് ചെങ്കിലേരി കുളം വഴി ബദാംമുക്കിലേക്ക് പോകുന്ന റോഡ് ചെളിക്കുണ്ടായിട്ട് നാളുകളായി. ഈ റോഡിൽ ക്ഷേത്രത്തിന് സമീപമുള്ള 200 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യാത്തതാണ് പ്രധാന പ്രശ്നം. ഇതേത്തുടർന്ന് ഇരുചക്ര വാഹനയാത്രക്കാർ ഈ വഴി ഒഴിവാക്കി മറ്റു വഴികളിലൂടെ ചുറ്റിക്കറങ്ങാൻ നിർബന്ധിതരാകുന്നു.
ഇളനീർക്കര കോട്ടേക്കുന്ന് റോഡ്: ചൊവ്വള്ളൂർ ക്ഷേത്രം റോഡിനെ ഇളനീർക്കര കോട്ടേക്കുന്ന് റോഡുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ ബൈപ്പാസും ഗതാഗതയോഗ്യമല്ല. വർഷങ്ങൾക്ക് മുൻപ് കരീപ്ര ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിരുന്നു. ഈ റോഡ് കർഷകർക്ക് തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് വളവും വിത്തും കൊണ്ടുപോകുന്നതിനും വിളവെടുപ്പിനും സഹായകമായിരുന്നു.
ചുമടുതാങ്ങി ജംഗ്ഷൻ റോഡ്: ക്ഷേത്രത്തിൽ നിന്ന് ചൊവ്വള്ളൂർ ചുമടുതാങ്ങി ജംഗ്ഷനിലേക്ക് എത്തുന്ന റോഡും കോൺക്രീറ്റ് തകർന്ന് ദുഷ്കരമായ നിലയിലാണ്. ഇവിടെ ഊറ്റുവെള്ളം റോഡിലൂടെ ഒഴുകി പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു.
മതിയായ ഫണ്ടില്ല
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് പുറമെ കരീപ്ര, എഴുകോൺ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗമാണ് ഈ റോഡ് സമുച്ചയം. റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മതിയായ ഫണ്ട് വകയിരുത്താത്തതാണ് പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്ക് വിവിധ ഗ്രാമീണ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി വേണം. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത നിലയിലാണിപ്പോൾ.
മനോജ് മാത്യു, ആട്ടോ ഡ്രൈവർ, നടമേൽ.