കൊല്ലം: ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്ന അധിക ചുങ്കം ജില്ലയിലെ വിവിധ തൊഴിൽ മേഖലകൾക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി. 2024-25 സാമ്പത്തിക വർഷം 5300 കോടി രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് മാത്രം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. സമീപകാലത്ത് ഇന്ത്യൻ കശുഅണ്ടിയുടെ വിപണി വിഹിതവും വർദ്ധിച്ചു. 2900 കോടിയുടെ വാർഷിക കയറ്റുമതിയാണ് കുരുമുളക്, ജാതി, ഏലം, മഞ്ഞൾ എന്നിവയ്ക്കുള്ളത്. രാജ്യത്തെ സ്വാഭാവിക റബർ കയറ്റുമതിയുടെ 20 ശതമാനവും യു.എസ് വിപണിയെ ആശ്രയിച്ചാണ്. കയർ, കയറുത്പന്ന മേഖലയ്ക്കും പുതുക്കിയ നികുതി താങ്ങാവുന്നതല്ല. തീരുവ യുദ്ധത്തിൽ ബുദ്ധിമുട്ടുന്ന ചെറുകിട, ഇടത്തരം കർഷകരെയും സ്ഥാപനങ്ങളെയും സഹായിക്കാൻ എക്സ്പോർട്ട് ഇൻസെന്റീവ് സ്കീമുകൾ നടപ്പാക്കുക, കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾക്ക് വിപണന സാദ്ധ്യത ഉറപ്പുവരുത്താനായി യൂറോപ്യൻ യൂണിയൻ, അറബ് രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകൾ സജീവമാക്കുക, അടച്ചിടേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര വാണിജ്യ വ്യവസായ കാര്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും അടിയന്തരമായി വേജ് സപ്പോർട്ട് നൽകുക, തുടങ്ങിയ ആവശ്യങ്ങളും സി.ഐ.ടി.യു ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.മേഴ്സിക്കുട്ടിഅമ്മ, എസ്.സുദേവൻ, നെടുവത്തൂർ സുന്ദരേശൻ, എ.എം.ഇക്ബാൽ, എക്സ്.ഏണസ്റ്റ്, ജി.ആനന്ദൻ, ടി.മനോഹരൻ എന്നിവർ സംസാരിച്ചു. 13ന് ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ വിവിധ യൂണിയനുകളുടെയും ഏരിയാ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും.