കൊല്ലം: പഞ്ചായത്തിന്റെ കൈകാര്യ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ രണ്ട് മാസമായി അടഞ്ഞുകിടന്ന അഷ്ടമുടി ഗവ.എച്ച്.എസ്.എസിലെ പുത്തൻ കെട്ടിടത്തിൽ ഇന്നലെ ക്ലാസ് തുടങ്ങി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ക്ലാസ് ആരംഭിച്ചത്.

പുതിയ കെട്ടിടത്തിലെ എട്ട് ക്ലാസ് മുറികളിൽ രണ്ടെണ്ണമാണ് ഇന്നലെ തുറന്നത്. ബാക്കിയുള്ള മുറികളിൽ ഇന്ന് ക്ലാസ് നടക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അപ്രൂവ്ഡ് പ്ലാൻ ലഭിച്ചതിന് പിന്നാലെ കഴിഞ്ഞമാസം എട്ടിനാണ് സ്കൂൾ അധികൃതർ സർട്ടിഫിക്കറ്റിനായി തൃക്കരുവ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ഇരുപത് ദിവസത്തിലേറെ അപേക്ഷയിൽ അടയിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള കാരണങ്ങൾ ചികഞ്ഞ് കണ്ടെത്തി കഴിഞ്ഞമാസം 30ന് മറുപടി നൽകുകയായിരുന്നു.

സർട്ടിഫിക്കറ്റിനായി നൽകിയ രേഖകളിൽ പഞ്ചായത്ത് ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിച്ചുള്ള രൂപരേഖ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. അതിനാൽ വൈകാതെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.