ottt
കൊല്ലം തിരുമംഗലം ദേശീയപാതയിൽ തെന്മല ഒറ്റക്കൽ ലുക്കൗട്ടിനു സമീപം വലിയ വളവിൽ സിമന്റ് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടപ്പോൾ .

പുനലൂർ: കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ പെരുകുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. സമീപ ദിവസങ്ങളിൽ മാത്രം തെന്മല ഭാഗത്ത് നിരവധി ചരക്ക് ലോറികളാണ് അപകടത്തിൽപ്പെട്ടത്.

പ്രധാന പ്രശ്നങ്ങൾ

ഹൈവേ നിർമ്മാണത്തിലെ തടസങ്ങൾ

കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വരുന്നതാണ് റോഡിന്റെ വീതി കൂട്ടാത്തതിന് പ്രധാന കാരണമായി പറയുന്നത്. റെയിൽവേ പാതയും കല്ലടയാറും ഉള്ള ഭാഗങ്ങളിൽ വീതി കൂട്ടാൻ കഴിയില്ല. കൂടാതെ, വളവുകൾ നിവർത്താനോ റോഡിലേക്ക് ഭീഷണിയായി നിൽക്കുന്ന പാറകൾ പൊട്ടിച്ചുമാറ്റാനോ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു

പട്രോളിംഗ് ശക്തമാക്കണം

ഇറക്കമുള്ള റോഡുകളിൽ ഇന്ധനം ലാഭിക്കുന്നതിനായി ചരക്കുലോറികൾ ന്യൂട്രലിൽ ഓടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. കഴിഞ്ഞ ദിവസം ലുക്കൗട്ടിന് സമീപം വലിയ വളവിൽ സിമന്റ് ലോറി അപകടത്തിൽപ്പെട്ടതാണ് സമീപകാലത്തെ അവസാനത്തെ സംഭവം. ഈ സാഹചര്യത്തിൽ ആര്യങ്കാവ് മുതൽ പുനലൂർ വരെ ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.