കൊല്ലം: പാവങ്ങളുടെ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന റിട്ട.സിവിൽ സർജ്ജൻ ഡോ.അഹമ്മദ് കുഞ്ഞിന്റെ നിര്യാണം (83) നാടിനെ കണ്ണീരിലാഴ്ത്തി. ഡോക്ടർമാരുടെ എണ്ണം വിരളമായിരുന്ന കാലത്ത് പാവപ്പെട്ടവർക്ക് അത്താണിയായിരുന്നു ഡോക്ടർ. തേവലക്കര നാട്ടിലെ തീർത്തും നിർദ്ധനരായ രോഗികൾക്ക് ചികിത്സയ്ക്ക് കൈയ്യിൽ പണമില്ലെങ്കിലും ഡോക്ടറുടെ അടുത്തേക്ക് ധൈര്യമായി കയറിച്ചെല്ലാമായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ച് രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് പരിശോധന നടത്തി ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകിയാണ് അവരെ യാത്രയാക്കിയിരുന്നത്. പാവങ്ങൾക്ക് ഒരാശ്വാസവും ധൈര്യവുമായിരുന്ന അഹമ്മദ് ഡോക്ടർ തേവലക്കര പാലയ്ക്കൽ അർഷാദ് നിവാസിലെ ചെറിയ മുറിയിൽ ഇനി ഉണ്ടാകില്ല എന്ന സത്യം പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. പ്രായാധിക്യവും രോഗവും അലട്ടിയിട്ടും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രോഗികളെ ചികിത്സിക്കുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു.നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് പോലും നിരവധി രോഗികളാണ് ഡോക്ടറെ കാണാൻ എത്തിയിരുന്നത്. പുലർച്ചെയോടെ തുടങ്ങുന്ന പരിശോധന രാത്രിയിലാണ് അവസാനിക്കുന്നത്. മുപ്പതാം വയസിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ഡോക്ടർ 83-ാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു. ഏതാണ്ട് 53 വർഷം നീണ്ട ജനകീയ ആതുര സേവനത്തിനാണ് ഇതോടെ വിരാമമായത്.