കൊല്ലം: ജില്ലയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ പരവൂരിലേക്കുള്ള ഗേറ്റ് വേ ആയിട്ടും ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം തിരിയാവുന്ന അടിപ്പാതയാണ് നിർമ്മിച്ചിരിക്കുന്നത്. അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാത ഗതാഗത കുരുക്കും യാത്രാ ക്ളേശവും സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം ചാത്തന്നൂർ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചു. ഹർജി പരിഗണിക്കവേ ഒരു അടിപ്പാതയും ഫ്ലൈ ഓവറും കൂടി സ്ഥലത്ത് നിർമ്മിക്കാമെന്ന് എൻ.എച്ച്.എ.ഐയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയതായി യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അഡ്വ. അഭിരാജ് സുന്ദർ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായി.