കൊല്ലം: എം.സി റോഡിൽ കുളക്കടയിൽ ചെളിക്കുണ്ടായ ഭാഗത്ത് സ്കൂട്ടർ തെന്നിമറിഞ്ഞു. മുൻ ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്. കോൺഗ്രസ് നേതാവും സിദ്ധനർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന സെക്രട്ടറിയുമായ പാത്തല രാഘവനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. കുളക്കട ലക്ഷംവീട് ഭാഗത്ത് സ്വകാര്യഭൂമിയിൽ നിന്ന് മണ്ണെടുപ്പ് നടന്നുവരികയാണ്. അതിനാൽ എം.സി റോഡിലാകെ മണ്ണ് വീണ് ചെളിയായി. റോഡ് കഴുകി വൃത്തിയാക്കാനായി വെള്ളം ഒഴിച്ചതോടെ കൂടുതൽ ദുരിതമായി മാറുകയായിരുന്നു. പകൽ നിരവധി വാഹനങ്ങൾ മറിഞ്ഞുവെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. രാത്രിയോടെയാണ് പാത്തല രാഘവന്റെ സ്കൂട്ടർ മറിഞ്ഞത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് പൊട്ടലേറ്റതിന് തുന്നിക്കെട്ട് വേണ്ടിവന്നു, കൈയ്ക്കും കാലിനും മുറിവേറ്റിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.