കൊല്ലം: കൊല്ലം- തേനി ദേശീയപാതയിൽ കടവൂർ സി.കെ.പി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയില്ല. ജംഗ്ഷനു സമീപം റോഡിരികിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചന്തയാണ് പ്രധാന കാരണം.
ഗതാഗത പ്രശ്നം രൂക്ഷമായതോടെ ഒരു വർഷം മുൻപ് പൊലീസും കോർപ്പറേഷൻ അധികൃതരും ജനപ്രതിനിധികളും ചർച്ച നടത്തി സി.കെ.പി- കുരീപ്പുഴ ഭാഗത്തേക്കുള്ള റോഡിനു സമീപം സ്വകാര്യ കെട്ടിടത്തിലേക്ക് ചന്ത മാറ്റി സ്ഥാപിച്ചിരുന്നു. ഇവിടെ പാർക്കിംഗ് സൗകര്യവും ഒരുക്കി. ഇതോടെ അഞ്ചാലുംമൂട്- കടവൂർ റൂട്ടിൽ ഗതാഗതക്കുരുക്കും അപകടവും ഇല്ലാതായതാണ്. നഗര പരിധിയിൽ നിന്ന് മാറിയായിരുന്നു ഈ പുതിയ ചന്ത. ഇതിനിടെ സ്വകാര്യ ചന്തയുടെ ഉടമ ഹൈക്കോടതിയിൽ നിന്ന്, അവിടെത്തന്നെ ചന്ത നടത്താനുള്ള അനുകൂല ഉത്തരവ് വാങ്ങി. വ്യാപാരികൾക്കും ഇവിടം തന്നെയായിരുന്നു താത്പര്യം. ഇതോടെ അധികം വൈകാതെ പഴയ സ്ഥലത്ത് ചന്ത പുനരാരംഭിച്ചു.
രാവിലെ 10.30 മുതൽ 12 വരെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിനൊപ്പം ചന്തയിൽ വരുന്നവർ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതും വലിയ അപകടഭീഷണി ഉയർത്തുന്നു. ഗതാഗതക്കുരുക്ക് മൂലം ചന്ത തുടങ്ങുന്നതിന് മുൻപ് കടവൂർ സിഗ്നൽ കടക്കാനുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ യാത്രക്കാർക്ക് ഭീഷണിയാണ്.
നീണ്ട നിര
കെ.എസ്.ആർ.ടി.സി സ്വകാര്യബസുകൾ മണിക്കൂറുകളോളമാണ് ഇവിടെ കുരുക്കിൽപ്പെട്ട് കിടക്കാറുള്ളത്. പലപ്പോഴും ഈ കുരുക്ക് ബൈപ്പാസ് സിഗ്നൽ വരെ നീളാറുണ്ട്. നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. ചന്തയിൽ എത്തുന്നവർ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലം വലിയ വാഹനങ്ങൾ പാടുപെട്ടാണ് കടന്നുപോകുന്നത്. ബസുകൾക്ക് സമയക്രമം പാലിക്കാനും കഴിയുന്നില്ല. സമീപത്തെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്നവരും വലയുകയാണ്.