കൊല്ലം: ഓണക്കിറ്റിലേക്ക് കാഷ്യു കോർപ്പറേഷനും കാപ്പെക്‌സും വിതരണം ചെയ്യുന്ന കശുഅണ്ടി പായ്ക്കറ്റുകളുടെ നിറയ്‌ക്കൽ ആരംഭിച്ചു. കൊട്ടിയത്തെ കെ.എസ്.സി.ഡി.സി പാക്കിംഗ് സെന്ററിൽ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്‌ഘാടനം ചെയ്‌തു. കായംകുളത്തെ ഫില്ലിംഗ് സെന്ററിലും സമാനമായി പരിപ്പ് നിറയ്‌ക്കൽ ആരംഭിച്ചു. ആറ് ലക്ഷം കിറ്റുകളിലേക്കാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ പരിപ്പ് വാങ്ങുന്നത്. ആകെ 30 ടൺ പരിപ്പാണ് 50 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കുന്നത്. 20ന് മുമ്പ് പായ്ക്കറ്റുകൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ജില്ലാ ഗോഡൗണുകളിലെത്തും. മാനേജിംഗ് ഡയറക്‌ടർ സുനിൽ.കെ.ജോൺ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർമാരായ ജി.ബാബു, സജി.ഡി.ആനന്ദ്, അഡ്വ.ശൂരനാട്.എസ്.ശ്രീകുമാർ, ഫാക്‌ടറി മാനേജർ നിഷാന്ത് എന്നിവർ പങ്കെടുത്തു.