കൊല്ലം: തെരുവ് നായകളുടെ ശല്യം രൂക്ഷമായ വിളക്കുടി പൊലീസ് സ്റ്റേഷൻ പരിസരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ നൽകി. കിഴക്കൻ മേഖലയിലെ വാക്സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനവും സ്റ്റേഷനിൽ വെച്ച് നടന്നു.
കുന്നിക്കോട് സി.ഐയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് സ്ഥലത്തെത്തിയത്. സ്റ്റേഷൻ പരിസരത്ത് നിന്ന് അഞ്ചോളം നായകളെ പിടികൂടി കുത്തിവയ്പ്പ് നൽകി.
കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ നടന്ന വാക്സിൻ കൈമാറ്റ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് റജീന തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, എസ്.ഐമാരായ സന്തോഷ്, സുനിതാ ബീഗം, സി.പി.ഒമാരായ സഹിഷ് കുമാർ, അരുൺ, പഞ്ചായത്തംഗങ്ങളായ എൻ. അനിൽകുമാർ, ആർ. ജയകുമാർ, ഷാഹുൽ, അദമ്യ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷീബ. പി. ബേബി, ഡോ. ബിന്നി സാമുവൽ, ഡോ. ആരമ്യ തോമസ്, ഡോ. അലോഷ്യസ്, ഡോ. വിശാഖ്, ലിബിൻ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.