തൊടിയൂർ: ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി ഉയർന്ന മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന് ഇന്ന് ഒരു വയസ് തികയുന്നു. അടച്ചിടുന്ന ലെവൽ ക്രോസിൽ കാത്തുനിന്നും ഗതാഗത കുരുക്കിൽ
നട്ടം തിരിഞ്ഞും വലഞ്ഞ നാട്ടുകാരുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു മാളിയേക്കൽ മേൽപ്പാലം .
പദ്ധതിയുടെ നാൾ വഴികൾ
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി എം.എൽ.എയായിരുന്ന ആർ.രാമചന്ദ്രന്റെ ശ്രമഫലമായി പാലത്തിനായി ഫണ്ട് അനുവദിച്ചു.
എം.പി.യായിരുന്ന എ.എം.ആരിഫിന്റെ ഇടപെടലിലൂടെ റെയിൽവേയുടെ അനുമതിയും വേഗത്തിൽ ലഭിച്ചു.
2021 മാർച്ച് 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണം നടത്തിയത്.
33.04 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്.
44 ഭൂവുടമകളിൽ നിന്ന് സ്ഥലം ഏറ്റെടുത്താണ് 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചത്.
സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിലാണ് ഇതിന്റെ നിർമ്മാണം.
70 മെട്രിക് ടൺ വരെ ഭാരം താങ്ങാൻ പാലത്തിന് ശേഷിയുണ്ട്.
ഇപ്പോഴത്തെ സ്ഥിതിയും പ്രശ്നങ്ങളും
മേൽപ്പാലം തുറന്ന് ഒരു വർഷം പിന്നിടുമ്പോഴും കാര്യമായ അപകടങ്ങളൊന്നും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പാലത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളിൽ പലതും ഇപ്പോൾ പ്രകാശിക്കുന്നില്ല.
സർവീസ് റോഡിന്റെ ഓട നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല.