കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ സാക്ഷിവിസ്താരം കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ പുനരാരംഭിച്ചു. രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റെ വിസ്താരമാണ് ഇന്നലെ പൂർത്തിയായത്. പ്രതിയായ കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ താനും ഒപ്പമുണ്ടായിരുന്നു. നിരീക്ഷണ കാമറാ ദൃശ്യങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ഇന്ന് നടക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.