കൊല്ലം: കുണ്ടറ സ്വദേശിയെ ഈജിപ്തിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് പോകുന്നതിനിടയിൽ കപ്പലിൽ വച്ച് കാണാതായ സംഭവത്തിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുണ്ടറ പെരുമ്പുഴ ജെറുസലേം കോട്ടേജിൽ അഭിനന്ദ് യേശുദാസനെ കാണാതായ സംഭവത്തിലാണ് അന്വേഷണം.
ഷാർജയിലെ ഏരീസ് മറൈൻ എൽ.എൽ.സി കപ്പൽ കമ്പനിയിലെ പൈപ്പ് ഫിറ്റർ ജീവനക്കാരനായിരുന്നു അഭിനന്ദ്. ഈ കമ്പനി അഭിനന്ദിനെ സി.എം.എ സി.ജി.എം ബെർലിയോസ് എന്ന ഫ്രഞ്ച് കണ്ടെയ്നർ കപ്പലിൽ ജോലിക്ക് നിയോഗിച്ചു. ഏരീസ് മറൈൻ കപ്പൽ കമ്പനിയിൽ ജോലിയിൽ ചെയ്യുമ്പോൾ സഹപ്രവർത്തകർക്കൊപ്പം അഭിനന്ദിന് കമ്പനി താമസസൗകര്യം ഒരുക്കി നൽകിയിരുന്നു. ഒപ്പം താമസിച്ചിരുന്ന ഒരാൾ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അഭിനന്ദ് രക്ഷിതാക്കളോട് ഫോണിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് ഫ്രഞ്ച് കപ്പലിൽ ജോലി ചെയ്യുമ്പോഴും ഉപദ്രവം തുടർന്നു. ഇതിനിടെ അഭിനന്ദിനെ കാണാതായെന്ന് 2017 മാർച്ച് 22ന് കപ്പൽ കമ്പനി മാനേജർ കുടുംബത്തെ ഫോണിൽ അറിയിക്കുകയായിരുന്നു. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാർച്ച് 17ന് സഹപ്രവർത്തകരിൽ ഒരാൾ തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് വീണ്ടും പറഞ്ഞിരുന്നു.
കാണാതായെന്ന വിവരത്തെ തുടർന്ന് അഭിനന്ദിന്റെ രക്ഷിതാക്കൾ ആദ്യം കുണ്ടറ പൊലീസിന് പരാതി നൽകി. പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കേസ് കൈമാറി. ഡി.ജി.പിയെ അടക്കം നേരിൽ കണ്ട് പരാതി നൽകിയിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാഞ്ഞതോടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. കാണാതാകുമ്പോൾ 21 വയസായിരുന്നു അഭിനന്ദിന്.