കോട്ടയം: ലഹരിക്കെണിയിൽ വീഴാതെ കുട്ടികൾ ജാഗ്രത കാട്ടണമെന്ന് കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഡോ. ടി. അമൃത അഭിപ്രായപ്പെട്ടു. കൊട്ടിയം പൗരവേദി നടത്തുന്ന ജ്യോതിർ ഗമയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹകരണത്തോടെ മൈലാപ്പൂർ എ.കെ.എം എച്ച്.എസ്.എസിൽ സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ ജസീന അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്കുമാർ, ട്രഷറർ ജോൺ മോത്ത, ആക്ടിംഗ് സെക്രട്ടറി നൗഷാദ് പാട്ടത്തിൽ, രാജു നന്ദനം, പ്രശാന്ത്, രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി പാനൽ അഭിഭാഷകൻ വി.ഐ. രാഹുൽ വിവിധ നിയമങ്ങൾ സംബന്ധിച്ചും സി.പി. സുരേഷ്‌കുമാർ വ്യക്തിത്വ വികസനത്തെക്കുറിച്ചും ക്ലാസ് നയിച്ചു. പരിപാടികൾക്ക് ഷീന, കമന്റ് ലോറൻസ്, ഫിറോസ് ബാബു എന്നിവർ നേതൃത്വം നൽകി. ക്ലാസിൽ 250ൽ അധികം ഹയർ സെക്കൻറി വിദ്യാർത്ഥികൾ പങ്കെടുത്തു.