തഴവ: കുറുങ്ങപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും സാമുഹ്യ വിരുദ്ധ ശല്യം വർദ്ധിച്ച് വരുന്നതായി പരാതി. രാത്രി കാലങ്ങളിൽ ഈ മേഖലയിൽ വിവിധ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും പെരുകി വരികയാണ്. ലഹരി ഉപയോഗിച്ച് കൂട്ടം കൂടുന്ന സംഘങ്ങൾ അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങൾ ,പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് നേരേ വിവിധ തരത്തിലുള്ള അക്രമങ്ങളും നടത്തുന്നത് പതിവായി. കഴിഞ്ഞ ദിവസം രാത്രി കുറുങ്ങപ്പള്ളി പാട്ടത്തിൽ മുക്കിന് തെക്കുവശം രാജു ഭവനത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ കച്ചവടം നടത്തി വരികയായിരുന്ന കറുകത്തറകിഴക്കതിൽ ആനന്ദന്റെ ചായക്കട സാമൂഹ്യ വിരുദ്ധർ തീകൊളുത്തി. കോൺക്രീറ്റ് കടയ്ക്ക് മുൻവശത്ത് വലിച്ച് കെട്ടിയിരുന്ന ടാർപ്പൊളിൻ ഷീറ്റ് പൂർണമായും ചായത്തട്ട് ഭാഗീകമായും കത്തിനശിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രാത്രി കുതിരപ്പന്തി ഗവ.എൽ.പി സ്കൂളിൽ സാമൂഹ്യ വിരുദ്ധ അക്രമം ഉണ്ടായത്. രാത്രികാല പട്രോളിംഗ് ശക്തമാക്കി. സാമൂഹ്യ വിരുദ്ധ ശല്യം നിയന്ത്രിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.