കൊല്ലം പോരായ്മകളെല്ലാം മാറ്റിവച്ച് അഷ്ടമുടി ഗവ.എച്ച്.എസ്.എസിലെ പുത്തൻ കെട്ടിടത്തിന് തൃക്കരുവ പഞ്ചായത്ത് ഉപയോഗ അനുമതി സർട്ടിഫിക്കറ്റ് അനുവദിച്ചു. പുതിയ കെട്ടിടത്തിന് സർട്ടിഫിക്കറ്റ് നൽകാത്തത് ചൂണ്ടിക്കാട്ടിയ 'കേരളകൗമുദി' വാർത്തയെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് നടപടി ഉണ്ടായത്.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് അംഗീകൃത പ്ലാൻ ലഭിച്ചതിന് പിന്നാലെ കഴിഞ്ഞമാസം എട്ടിനാണ് സ്കൂൾ അധികൃതർ സർട്ടിഫിക്കറ്റിനായി തൃക്കരുവ പഞ്ചായത്തിന് അപേക്ഷ നൽകിയത്. ഇരുപത് ദിവസത്തിലേറെ അപേക്ഷയിൽ അടയിരുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള കാരണങ്ങൾ ചികഞ്ഞ് കണ്ടെത്തി കഴിഞ്ഞമാസം 30ന് മറുപടി നൽകി. മറുപടിയിൽ പഞ്ചായത്ത് ചൂണ്ടിക്കാട്ടിയിരിക്കുന്ന പോരായ്മകൾ പരിഹരിക്കണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. സ്കൂളിൽ പൊതുവായി ഉണ്ടാകേണ്ട സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ മാത്രം വേണമെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർ വാശി പിടിക്കുകയായിരുന്നു.
ഒൻപത് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്. പഞ്ചായത്തിന്റെ സർട്ടഫിക്കറ്റ് വൈകിയതോടെ പൊതുമരാമത്ത് വകുപ്പ് നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുതിയ കെട്ടിടത്തിലെ മുറികളിൽ ക്ലാസ് തുടങ്ങിയിരുന്നു.