കൊല്ലം: നുണകൾ ആവർത്തിച്ച് പ്രചരിപ്പിച്ച് കശുഅണ്ടി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസും ഐ.എൻ.ടി.യു.സിയും നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ലെന്ന് കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സെക്രട്ടറി ബി.തുളസീധരകുറിപ്പ് പറഞ്ഞു.
രൂക്ഷമായ പ്രതിസന്ധിയെ അതിജീവിച്ച് കശുഅണ്ടി വ്യവസായം കേരളത്തിൽ സംരക്ഷിക്കാൻ പരമാവധി നടപടികളാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇ.എസ്.ഐ, പി.എഫ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കി കാഷ്യു കോപ്പറേഷൻ, കാപ്പെക്സ് ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിന്റെ ഭരണകാലങ്ങളിൽ പ്രതിസന്ധി ഇല്ലാഞ്ഞിട്ടും പൊതുമേഖല ഫാക്ടറികൾ അടച്ചുപൂട്ടപ്പെടുകയോ ചുരുക്കം ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയോ ആയിരുന്നു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളും സർക്കാർ നടപ്പാക്കുന്നു. പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടുമാത്രമാണ് പ്രതിസന്ധിക്ക് നടുവിലും 20 ശതമാനം ബോണസ് നിശ്ചയിച്ച് കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നത്. 23 ശതമാനമാണ് കൂലി വർദ്ധിപ്പിച്ചത്.
കശുഅണ്ടി വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ സംബന്ധിച്ച് കോൺഗ്രസിന് മിണ്ടാട്ടമില്ല. 50 ശതമാനം ചുങ്കം അടിച്ചേൽപ്പിക്കുന്ന ട്രംപിന്റെ നടപടി വ്യവസായത്തിന് ഇരുട്ടടിയാണ്. ട്രംപിന്റെ പ്രതികാര ചുങ്കത്തിൽ പ്രതിഷേധിച്ച് എല്ലാ കശുഅണ്ടി ഫാക്ടറികൾക്കും മുന്നിലും ഇന്ന് ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാനും കാഷ്യു സെന്റർ ആഹ്വാനം ചെയ്തു.