കൊട്ടാരക്കര: പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സ്ഥാപകനുമായ പ്രൊഫ. എം.പി.മന്മഥന്റെ സ്മരണാർത്ഥം കൊട്ടാരക്കര ആശ്രയ ഏർപ്പെടുത്തിയിട്ടുള്ള എം.പി.മന്മഥൻ സ്മാരക അവാർഡിന് വി.എം.സുധീരൻ അർഹനായി. 15ന് വൈകിട്ട് 3ന് കലയപുരം ആശ്രയയിലെ എം.പി.മന്മഥൻ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. വി.എം.സുധീരൻ സ്വീകരിച്ചിട്ടുള്ള ധീരമായ നിലപാടുകളെ പുരസ്കരിച്ചാണ് അവാർഡ് നൽകുന്നതെന്ന് കമ്മിറ്റി അംഗങ്ങളായ കെ.ജയകുമാർ, ഡോ. ജോഷ്വാമാർ ഇഗ്നാത്തിയോസ് തിരുമേനി, പ്രൊഫ. എം.പി. മത്തായി എന്നിവർ വ്യക്തമാക്കി.
ആശ്രയ പ്രസിഡന്റ് ഡോ. കെ.ജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രൊഫ. എം.പി.മന്മഥൻ അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് നിർവവഹിക്കും. മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. വി.എം.സുധീരൻ മറുപടി പ്രസംഗം നടത്തും.