കൊല്ലം: കുരീപ്പുഴയിലെ കോർപ്പറേഷൻ ഭൂമിയിൽ സമയബന്ധിതമായി ഐ.ടി പാർക്കും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ആർ.ആർ.എഫ് റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ജൈവമാലിന്യം ബയോഗ്യാസാക്കി മാറ്റുന്ന 90 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിക്കാനുമുള്ള കേരളത്തിലെ ആദ്യത്തെ ഡി.ബി.ഒ.ടി വ്യവസ്ഥയിലുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രമാണ് കുരീപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പ്രതിദിനം 50 ടൺ ശേഷിയാണുള്ളത്. പരിസ്ഥിതി മലിനീകരണം തടയാൻ സാധിക്കുമെന്നതാണ് സവിശേഷത. ഇതര അന്തരീക്ഷ മലിനീകരണവും ഒഴിവാകും. ഇരുപതോളം വനിതകൾക്ക് തൊഴിലും ലഭ്യമാകും. ഗ്രീൻ വേംസ് സ്ഥാപനത്തിനാണ് മേൽനോട്ടം.
മേയർ ഹണി ബെഞ്ചമിൻ അദ്ധ്യക്ഷയായി. എം.എൽ.എമാരായ എം.മുകേഷ്, സുജിത്ത് വിജയൻപിള്ള, ഡെപ്യൂുട്ടി മേയർ എസ്.ജയൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഗീതാകുമാരി, യു.പവിത്ര, സജീവ് സോമൻ, സുജ കൃഷ്ണൻ, അഡ്വ. എ.കെ.സവാദ്, എസ്.സവിതാദേവി, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, ഡിവിഷൻ കൗൺസിലർ എസ്.ശ്രീലത, കോർപ്പറേഷൻ സെക്രട്ടറി എസ്.എസ്.സജി, ക്ലീൻ സിറ്റി മാനേജർ ബി.പി.ബിജു തുടങ്ങിയവർ പങ്കെടുത്തു.