കൊല്ലം: 'ഘാനാ 2025' എന്ന പേരിൽ കേരള കാഷ്യു ബോർഡ് വാങ്ങി കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പെക്‌സിനും നൽകിയ തോട്ടണ്ടിയിൽ വൻ കുംഭകോണം നടന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം വിജിലൻസിന് പരാതി നൽകി.

വിദേശത്ത് നിന്ന് വാങ്ങുന്നതിന് പകരം കേരളത്തിലെ സ്വകാര്യ മുതലാളിമാരിൽ നിന്നാണ് കശുഅണ്ടി വാങ്ങിയത്. ഘാനയിൽ നിന്ന് 2025ലെ വിളവ് എന്ന പേരിൽ ഇറക്കുമതി ചെയ്ത തോട്ടണ്ടി അഞ്ചുവർഷത്തോളം പഴക്കമുള്ളതാണ്. ഇത് വിവിധ രാജ്യങ്ങളിലെ തോട്ടണ്ടികൾ കൂട്ടിക്കലർത്തിയതാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് വിവിധ വർഷങ്ങളിൽ ശേഖരിച്ച തിരിവ് തോട്ടണ്ടിയായതിനാൽ പല വലിപ്പത്തിലുള്ള തോട്ടണ്ടികളാണ് ഒരേ ബാഗിൽ നിറച്ചിരിക്കുന്നത്. ഇത് സംസ്കരിക്കുമ്പോൾ കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു.