എഴുകോൺ: കർഷക സംഘം നേതാവും സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന ആർ. സത്യശീലന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന് വിട നൽകാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് എത്തിയത്. കറതീർന്ന കമ്യൂണിസ്റ്റ് പോരാളിയും സി.പി.എമ്മിന്റെ ആദ്യകാല സംഘാടകനുമായിരുന്നു സത്യശീലൻ. കർഷകരെ സംഘടിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിരുന്ന അദ്ദേഹം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗമായും ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പിന്നീട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും അദ്ദേഹം ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രി കെ.എൻ.ബാലഗോപാൽ,സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മുൻ എം.പി.കെ.സോമ പ്രസാദ്, ബി.തുളസീധരകുറുപ്പ്, പി.കെ.ബാലചന്ദ്രൻ,ജോർജ് മാത്യു, എസ്.രാജേന്ദ്രൻ, എസ്.വിക്രമൻ, സി. ബോൾഡുവിൻ, എസ്. സുമാലാൽ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ, പി.എ.എബ്രഹാം,ജെ. രാമാനുജൻ, ആർ. മുരളീധരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി.