aswathi
കൂവ കൃഷിയിടത്തിൽ അശ്വതി

പുനലൂർ: കൂവയിൽ തളിരിട്ട സ്വപ്നനാമ്പുകൾ അശ്വതിക്ക് സമ്മാനിക്കുന്നത് നൂറുമേനി വിളവ്. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ അറിവും കൃഷിഓഫീസിലെ നിർദ്ദേശങ്ങളും അടിവളമായപ്പോൾ കൂവപ്പൊടി കടലും താണ്ടി. പുനലൂർ തൊളിക്കോട് തലയാംകുളം മീരകൃഷ്ണയിൽ അശ്വതിയാണ് വിജയം നട്ടുനനച്ച് വിളവെടുക്കുന്നത്.

പുനലൂരിൽ ഭർത്താവ് സജിക്കൊപ്പം വെറൈറ്റി ഫാൻസി സ്റ്റോർ നടത്തുമ്പോഴും മനസിൽ മണ്ണും ജൈവകൃഷിയുമായിരുന്നു. അങ്ങനെയാണ് കൂവക്കൃഷിയിലേക്ക് തിരഞ്ഞത്. പുനലൂർ കൃഷിഭവനിലെ കൃഷി ഓഫീസറായിരുന്ന സുദർശനും കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രമായ സി.ടി.സി.ആർ.ഐയിൽ ടെക്നിക്കൽ ഓഫീസറായിരുന്ന ഡോ. ഷാനവാസിന്റെയും മാർഗന‌ി‌ദ്ദേശങ്ങൾ 'വി വൺ ഓർഗാനിക് ' എന്ന ബ്രാൻഡിൽ കൂവപ്പൊടി വിപണിയിൽ എത്തിക്കുന്നതിന് സഹായിച്ചു.

ഇതിനിടെ കൂവപ്പൊടിക്ക് കേന്ദ്ര സർക്കാരിന്റെ സെഡ് സർട്ടിഫിക്കേഷൻ ബ്രോൺസും ലഭിച്ചു. വിദേശരാജ്യങ്ങളിൽ ഏറെ പ്രിയമുള്ളതിനാൽ കയറ്റുമതി ലൈസൻസും നേടി. കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിക്കായുള്ള തയ്യാറെടുപ്പിലാണിപ്പോൾ. കേന്ദ്രസർക്കാരിന്റെ എൻ.പി.ഒ.പി സർട്ടിഫിക്കറ്റ് നടപടികൾ പൂർത്തിയായി വരുന്നു. കേരള ഗ്രോ സ്റ്റോറുകളിലും കൂവപ്പൊടി ലഭ്യമാണ്. ആമസോണിലൂടെയും വാങ്ങാം.

കൂവയ്ക്ക് ഇടവിളയായി പച്ചക്കറി കൃഷിയും ആയിരം വാഴയും നട്ടുവളർത്തുന്നുണ്ട്. വിവിധതരത്തിലുള്ള ഫ്രൂട്ട്സ് പ്ലാന്റുകളും തെങ്ങും കമുകും ഇതിനൊപ്പം കൃഷി ചെയ്യുന്നു. ഇതിന് പുറമേ ഓണവിൽപ്പനയ്ക്കായി 4000 ബന്ദിച്ചെടികളും പൂവിട്ട് നിൽക്കുന്നു.

മക്കളായ കൃഷ്ണയും മീരയും അമ്മയ്ക്കൊപ്പം കൃഷിയിടത്തിൽ സജീവമാണ്.

ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഉത്തമം

 ദഹനസംബന്ധമായ അസുഖങ്ങൾക്ക് ഉത്തമം
 സ്കിൻ പൗഡറായും ഹൃദയാരോഗ്യത്തിനും നല്ലത്

 കുട്ടികൾക്കും ഗർഭിണികൾക്കും ഉപയോഗിക്കാം

 സൂപ്പ്, ബിസ്കറ്റ് കുക്കീസ്, പായസം, കറികൾക്ക് കൊഴുപ്പ് നൽകാൻ ഉപയോഗിക്കുന്നു

വെളുത്ത കൂവ

 നടീൽ ഫെബ്രുവരി മുതൽ മാർച്ച് വരെ

 വിത്തായി കിഴങ്ങ്

 വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിൻകാട്ടം എന്നിവ ചേർത്ത് ജൈവവളം

 വിളവെത്താൻ ഒൻപത് മാസം

 ചതച്ച് നൂറെടുത്ത് വെള്ളത്തിലരിച്ച് സ്റ്റാർച്ചാക്കും

 ഇതുണക്കി പൊടിയാക്കും

കൃഷിസ്ഥലം

സ്വന്തമായി-50 സെന്റ്

പാട്ടത്തിന്- 4.5 ഏക്കർ

കൂവപ്പൊടി

1 കിലോയ്ക്ക് ₹ 2500

വിത്തിന് ₹ 80

പുതിയ കാലത്ത് കൃഷി സംരംഭം വിജയിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സംശയം അസ്ഥാനത്തായി.

അശ്വതി