കൊല്ലം: അസാധാരണ മെയ് വഴക്കവും കണ്ണഞ്ചിപ്പിക്കുന്ന വേഗവിസ്മയവുമായി ജെമിനി സർക്കസിലെ മിന്നുംതാരങ്ങളാണ് നേപ്പാൾ ദമ്പതികൾ!. ഭൂഷണും (40), ഭാര്യ മെനുകയും (37) സർക്കസിലെത്തിയ ശേഷം ഒന്നിച്ചവരാണ്. സർക്കസ് കുടുംബത്തിലെ അംഗമായ മെനുക നന്നെ കുട്ടിക്കാലത്തേ അഭ്യാസങ്ങൾ പരിശീലിച്ചിയിരുന്നു. ഇരുപത് വർഷം മുമ്പാണ് ഭൂഷൺ സർക്കസ് രംഗത്തേക്ക് എത്തിയത്. സഹോദരൻ സൂരജും ഇതേ രംഗത്ത് ഒപ്പമുണ്ട്. സർക്കസ് കമ്പനിയിൽ വച്ച് പരിചയപ്പെട്ടാണ് മെനുകയെ ഒപ്പം കൂട്ടിയത്. പിന്നെ ഇവരൊന്നിച്ചുള്ള വിസ്മയ പ്രകടനങ്ങൾ സർക്കസിൽ നിറയുകയായിരുന്നു. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, എരിയൽ ആക്ട് ഡബിൾ സാരി ആക്ട്, സ്റ്റിക് ബാലൻസ്, ലേസർ ബാലൻസ് തുടങ്ങി വിവിധ ഇനങ്ങളാണ് ഇവർ അവതരിപ്പിക്കുക.