കൊല്ലം: ദേശീയപാത വികസനത്തിൽ ഇത്തിക്കരയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീപാത അതോറിട്ടി പ്രൊജക്ട് ഡിവിഷനും ആദിച്ചനല്ലൂർ പഞ്ചായത്തും സംയുക്തമായി ഫോർമുല കണ്ടെത്തും. അടിപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് പഠനം നടക്കും. ഇന്നലെ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ നടത്തിയ സ്ഥല പരിശോധനയിലാണ് തീരുമാനം.
മൈലക്കാട് നിന്ന് വരുമ്പോൾ ഇത്തിക്കരയിലെ പള്ളിക്ക് സമീപം സർവ്വീസ് റോഡ് കൂടുതൽ ആഴത്തിൽ നിർമ്മിച്ച് അടിപ്പാത തയ്യാറാക്കാനാണ് ആലോചന. ആറുവരി ഇത്തിക്കര പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായതിനാൽ ഈ ഭാഗത്ത് ആറുവരിപ്പാത ഉയർത്താനാകില്ല. അതുകൊണ്ടാണ് സർവ്വീസ് റോഡ് താഴ്ത്തുന്നത്. ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയ്ക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ചെറിയ അടിപ്പാതയാണ് ലക്ഷ്യം. ഇതോടെ ഇത്തിക്കര വയൽ ഭാഗത്തേക്ക് ദേശീയപാതയിൽ നിന്നുള്ള വൻ കുഴി ഒഴിവാകും. വയൽ ഭാഗത്തുള്ളവർക്കും ആദിച്ചനല്ലൂർ ഭാഗത്ത് നിന്ന് വരുന്നവർക്കും അടിപ്പാതയിലൂടെ ആറുവരിപ്പാത മുറിച്ചുകടക്കാം.
ഇത്തിക്കര തർക്കം
നിലവിലെ രൂപരേഖ പ്രകാരം ആറുവരിപ്പാതയുടെ ഉയരത്തിലാണ് ഇത്തിക്കര പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മാണം
ഇതോടെ വയൽഭാഗത്തേക്ക് കുത്തിറക്കമാകും
ഈ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാനാകില്ല
ആദിച്ചനല്ലൂർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ അറുവരിപ്പാത മുറിച്ചുകടക്കാൻ മൈലക്കാടോ, തിരുമുക്കിലോ എത്തണം
വയൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യം കണക്കിലെടുക്കാതെ രൂപരേഖ തയ്യാറാക്കിയത് പ്രശ്നം