ശാസ്താംകോട്ട: തേവലക്കര സ്കൂളിലെ അപകടത്തെ തുടർന്ന് സംസ്ഥാനത്തുടനീളം സ്കൂൾ കെട്ടിടങ്ങളുടെയും മരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ശൂരനാട് തെക്ക് കുമരൻചിറ ഗവ.യു.പി സ്കൂളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനോ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റാനോ അധികൃതർ താത്പര്യം കാണിക്കുന്നില്ലെന്ന് പരാതി.
സ്കൂൾ മുറ്റത്ത് നിൽക്കുന്ന കൂറ്റൻ മാവ് ഉൾപ്പെടെയുള്ള മരങ്ങളും നൂറ്റാണ്ടോളം പഴക്കമുള്ള ജീർണിച്ച കെട്ടിടവുമാണ് പ്രധാന അപകട ഭീഷണി. ഈ കെട്ടിടത്തിന് സമീപത്താണ് കുട്ടികൾ കളിക്കുന്നതും ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതും. ഇത് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അപകടകരമായ മരങ്ങളും കെട്ടിടവും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്.എം.സി) അധികൃതർക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ നടപടിക്രമങ്ങളിലെ കാലതാമസം കാരണം ഈ ആവശ്യം നീണ്ടുപോവുകയാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രക്ഷകർത്താക്കളും എസ്.എം.സി.യും ആവശ്യപ്പെട്ടു.