കൊട്ടാരക്കര: കൊട്ടാരക്കരയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. സാധാരണ പനിയിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളുള്ള ഈ പനി, കോവിഡിന്റെ പുതിയ വകഭേദമാണെന്ന് ഡോക്ടർമാർ സംശയിക്കുന്നു. മരണനിരക്ക് കുറവാണെങ്കിലും, രോഗം വേഗത്തിൽ പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാലൂർ സ്വദേശിനിയായ ശോഭന (39) പകർച്ചപ്പനി ബാധിച്ച് മരണമടഞ്ഞിരുന്നു.
പുതിയ വൈറൽ പനിക്ക് കടുത്ത പനിയോ മറ്റ് സാധാരണ ലക്ഷണങ്ങളോ ഇല്ല. ശരീരവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമയാണ് രോഗത്തിന്റെ പ്രധാന വില്ലനായി മാറുന്നത്. രോഗം ഭേദമായാലും പത്ത് ദിവസത്തോളം ചുമ നീണ്ടുനിൽക്കും. കൂടാതെ, ഈ രോഗം ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുന്നത്. മറ്റൊരു പ്രധാന പ്രത്യേകത, പനി മാറിയാലും രോഗപ്രതിരോധ ശേഷി കുറയുന്നു എന്നതാണ്. അതിനാൽ, ഒരു മാസത്തിനുള്ളിൽ മൂന്നും നാലും തവണ വരെ പനി വരാൻ സാദ്ധ്യതയുണ്ട്.
ജാഗ്രത വേണം
ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും നാട്ടിൽ വ്യാപകമാണ്. മറ്റ് അസുഖങ്ങളുള്ളവരും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.