പരവൂർ: ദേശീയപാതയിൽ തിരുമുക്കിൽ നിലവിലുള്ള അടിപ്പാതയ്ക്ക് സമാന്തരമായി മറ്റൊന്നു കൂടി നിർമ്മിക്കുക എന്നതുമാത്രമാണ് പ്രയോഗിക നിർദേശമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരവൂർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. നിലവിലുള്ള അടിപ്പാത തികച്ചും അശാസ്ത്രീയവും പരവൂ‌രിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള സുഗമ ഗതാഗതത്തെ തടസപ്പെടുത്തുന്നതുമാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റമനസോടെ സമരരംഗത്തേക്ക് വരണമെന്നും എം.പി.പറഞ്ഞു .പരവൂർ എസ്.എൻ.വി.ആർ.സി.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.സേതുമാധവൻ, പി.ശ്രീജ, ബി.ബി.ഗോപകുമാ‌ർ.അഡ്വ. വി.എച്ച്. സത്‌ജിത്, എ. സഫ‌ർഖയാൽ, നെടുങ്ങോലം രഘു, ലത മോഹൻദാസ്, ഹാരിസ്, എം. ഹരികൃഷ്ണൻ, പി.കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.