പടിഞ്ഞാറെ കല്ലട: ഹെൽത്ത് സെന്ററിലെ ആശാ നിയമനവുമായി ബന്ധപ്പെട്ട് പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ വിവാദം. ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർത്ഥിയെ ഒഴിവാക്കി സി.പി.എം പ്രവർത്തകയായ രണ്ടാം റാങ്കുകാരിയെ നിയമിച്ചുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ സമരം നടത്തുകയും പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ പങ്കെടുത്ത അഭിമുഖത്തിൽ ഐത്തോട്ടുവ പുളിമൂട്ടിൽ തറയിൽ സന്ധ്യ എന്ന ഉദ്യോഗാർത്ഥിക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. എന്നാൽ, ഇവരെ ഒഴിവാക്കാൻ സി.പി.എം നേതൃത്വത്തിലുള്ള കുടുംബശ്രീ സി.ഡി.എസിൽ നിന്ന് ഓഡിറ്റ് റിപ്പോർട്ട് ഉണ്ടാക്കി മെഡിക്കൽ ഓഫീസർക്ക് അയച്ചുകൊടുത്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് നിയമനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച കോടതി, അന്തിമവിധിക്ക് വിധേയമായിരിക്കണം നിയമനം എന്നും നിർദ്ദേശിച്ചു.