കൊല്ലം: കടലിന്റെ മക്കൾ മണ്ണിലും പൊന്ന് വിളയിച്ചു, നീണ്ടകര ഹാർബറിലെ ഹരിതസാഗരം പച്ചക്കറി കൃഷി പദ്ധതിക്ക് സംസ്ഥാന പുരസ്കാരം. കൃഷിത്തോട്ടമൊരുക്കിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനമാണ് നീണ്ടകര ഹാർബർ എൻജിനീയറിംഗ് ഓഫീസിനായി ലഭിച്ചത്. കുറഞ്ഞ ജൈവാംശം, ലവണത്വം എന്നീ പോരായ്മകളെ അതിജീവിച്ചുകൊണ്ടാണ് മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് കൃഷിയിറക്കിയത്. ശാസ്ത്രീയ മണ്ണുപരിശോധന ഉൾപ്പടെയുള്ള മാർഗങ്ങൾ വേണ്ടിവന്നു. അഞ്ചേക്കർ ഭൂമിയിൽ വാഴയും പയറും ഇഞ്ചിയും ബന്ദിയുമാണ് കൃഷി ചെയ്തത്. ആറ് മാതൃക തോട്ടങ്ങളിലായി കള നിയന്ത്രണ മാർഗങ്ങൾ, ശാസ്ത്രീയ കൃഷി രീതി, കെ.വി.കെ സാങ്കേതിക വിദ്യ എന്നിവയെ അടിസ്ഥാനമാക്കിയാണ് കൃഷി ചെയ്തത്. അധ്വാനത്തിനും പരിചരണത്തിനും ഫലമുണ്ടായി, മികച്ച വിളവ് ലഭിച്ചു. ഹാർബറിലെ ബന്ദിക്കൃഷി 'ബന്ദിച്ചാകര' എന്ന പേരിൽ ഹിറ്റാവുകയും ചെയ്തു. ഹാർബർ എൻജിനീയറുടെ മേൽനോട്ടത്തിൽ പത്തിലധികം തൊഴിലാളികളും ആത്മാർത്ഥ സഹകരണവുമുണ്ടായി.
ഹാർബറിൽത്തന്നെ വിപണനം
ഹാർബർ കൃഷിത്തോട്ടത്തിലെ ഉത്പന്നങ്ങൾക്ക് ഹാർബറിൽത്തന്നെ വിപണിയുമൊരുക്കി. മത്സ്യം വാങ്ങാനെത്തുന്നവർ ഗുണമേന്മയുള്ള പച്ചക്കറികളും വാങ്ങിയാണ് പോയത്. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി യജ്ഞം, പോഷക സമൃദ്ധി പദ്ധതികളും കൂട്ടിവിളക്കി. 50 സെന്റിൽ മാതൃക പോഷകത്തോട്ടവുമൊരുക്കി. ജൈവ സ്ളറികൾ ഉപയോഗിച്ചുള്ള കമ്പോസ്റ്റ് കൃഷിയിടത്തിലേക്ക് ഉപയോഗിച്ചു.തൈകളും ഉത്പാദിപ്പിക്കുന്നുണ്ട്.
കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കൃഷിക്കാര്യത്തിൽ വലിയ താത്പര്യമെടുത്തു.
സജിത മോൾ
നീണ്ടകര കൃഷി ഓഫീസർ