പുനലൂർ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ പുനലൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 'സ്നേഹാദരവ് 2025' എന്ന പരിപാടി സംഘടിപ്പിച്ചു. ടി.കെ. ഉമ്മൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ജെ. ജയപ്രകാശ് അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ദേവസ്വം ബോർഡ് അംഗമായി ചുമതലയേറ്റ പി.ഡി.സന്തോഷ് കുമാറിന് സ്വീകരണവും നൽകി. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.പി പ്രജിത്ത്കുമാർ, ജനറൽ സെക്രട്ടറി ജി. വാസുദേവൻ നമ്പൂതിരി, ട്രഷറർ സി.ആർ. റോബിൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്. ബിജു, മുൻ ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശൻ എന്നിവർ പ്രതിഭകളെ ആദരിച്ചു. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സജി സാന്ത്വന സഹായധന വിതരണം നടത്തി. ഗ്രൂപ്പ് സെക്രട്ടറി എസ്.എൽ. കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ കെ.എസ്. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.