സ്വസ്ഥത കെട്ട് ക്യു.എ.സി റോഡ്
കൊല്ലം: കൊല്ലം ക്യു.എ.സി റോഡിൽ ബൈക്കിലെ അഭ്യാസികൾ സൃഷ്ടിക്കുന്ന ഭീതികാരണം നടന്നുപോകാനാവാത്ത അവസ്ഥ. കഷ്ടിച്ച് നാനൂറ് മീറ്റർ മാത്രം നീളമുള്ള റോഡിൽ, രൂപമാറ്റം വരുത്തിയ ബൈക്കുകൾക്ക് പുറമേ ആഡംബര കാറുകളിലും ഉഗ്ര ശബ്ദം പുറപ്പെടുവിച്ച് ഫ്രീക്കന്മാർ തലങ്ങും വിലങ്ങും പാഞ്ഞിട്ടും പൊലീസോ മോട്ടോർ വാഹന വകുപ്പോ ഇടപെടുന്നില്ല.
കോളേജിലേക്ക് വിദ്യാർത്ഥിനികൾ വരുമ്പോഴും പോകുമ്പോഴും ഇവരുടെ ശ്രദ്ധ നേടാനാണ് ഈ പരാക്രമങ്ങൾ അധികവും. രാത്രിയിലുമുണ്ട് അഭ്യാസങ്ങൾ. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പോലും കാറിലും ബൈക്കിലും ചീറിപ്പായാൻ ഇവിടെ എത്താറുണ്ട്. ഇതിനിടെ റീൽസ് ചിത്രീകരണവുമുണ്ട്. പ്രദേശവാസികൾ ഫോട്ടോയും വീഡിയോയും സഹിതം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപണമുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് അടക്കമുള്ള നൂറുകണക്കിന് ആൾക്കാർ ആശ്രയിക്കുന്ന റോഡാണിത്.
നഗരഹൃദയത്തിലെ ഏറ്റവും ശാന്തമായ പാതകളിലൊന്നായിരുന്നു ക്യു.എ.സി റോഡ്. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സ്വകാര്യ ബസുകൾ കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയിലൂടെ ആക്കിയതിനാൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത് ക്യു.എ.സി റോഡ് വഴിയാണ്. സമയം ലാഭിക്കാൻ ബസുകൾ മിന്നൽ വേഗത്തിലാണ് ഇതുവഴി പോകുന്നത്. അതിനിടയിലാണ് ഫ്രീക്കന്മാരുടെ ശല്യം.
പിഴയുണ്ട്, പരിശോധനയില്ല
വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും പിഴ കനക്കും
സൈലൻസർ മാറ്റിയാൽ 5000 രൂപ പിഴ
അതേ ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ രൂപം മാറ്റിയാൽ 5000 രൂപ പിഴ
ഹാൻഡിൽ ബാർ മാറ്റിയാൽ വീണ്ടും കിട്ടും 5000 പിഴ
ഇതേ ബൈക്കിന്റെ നമ്പർ പ്ലേറ്റും മാറ്റിയാൽ പിഴ 3000 വേറെ
ഈ ബൈക്കിനു പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പിഴ 2000 രൂപ
എല്ലാംകൂടി ഒരുമിച്ചാകുമ്പോൾ 20,000 രൂപ