തഴവ: ഓണാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ദേശീയപാത നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളിയിലും പുതിയകാവിലും രൂക്ഷമായ ഗതാഗതക്കുരുക്കിന് സാദ്ധ്യതയെന്ന് ആശങ്ക. ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗത്തുകൂടി ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഓണത്തിരക്ക് തുടങ്ങുമ്പോൾ ഇത് കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഗതാഗതക്കുരുക്കിന് കാരണങ്ങൾ
ദേശീയപാത നിർമ്മാണം മൂലം റോഡിന്റെ വീതി കുറഞ്ഞത്.
ഇടുങ്ങിയ വഴിയിൽ ഊഴം കാത്തു കിടക്കുന്ന സ്വകാര്യ ബസുകൾ
യാത്രികരെ കയറ്റാനും ഇറക്കാനുമായി റോഡിൽ നിറുത്തിയിടുന്ന ബസുകൾ.
അനധികൃത പാർക്കിംഗ്.
തിരക്കേറിയ സമയങ്ങളിൽ പോലും നിയമം ലംഘിച്ച് റോഡിന്റെ ഭാഗം കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന യന്ത്രങ്ങൾ.
ഓണത്തിന് കാൽനടയാത്രക്കാർ, വാഹനങ്ങൾ, വഴി വാണിഭക്കാർ എന്നിവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്.
പരിഹാരങ്ങൾ
കരുനാഗപ്പള്ളി ടൗണിൽ നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ സ്ഥലങ്ങളും നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് സ്ഥലവും ഓണച്ചന്തകൾക്കും പാർക്കിംഗിനുമായി വിട്ടുനൽകുക.
കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കാത്ത രീതിയിൽ വഴി വാണിഭക്കാരെ ക്രമീകരിക്കുക.
എം.എൽ.എ, നഗരസഭ, പൊലീസ്, വ്യാപാരികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചേർന്ന് ശാസ്ത്രീയമായ കർമ്മപരിപാടികൾ ആവിഷ്കരിച്ച് ഗതാഗതം സുഗമമാക്കുക.
ഓണക്കാലത്ത് ആയിരക്കണക്കിന് ആളുകളാണ് കരുനാഗപ്പള്ളി ടൗണിനെ ആശ്രയിക്കുന്നത്. അതിനാൽ, ട്രാഫിക് നിയന്ത്രിക്കാൻ ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കണം.
നാട്ടുകാർ