കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ ഏർപ്പെടുത്തിയ അമിത പാർക്കിംഗ് ഫീസ് യാത്രക്കാരെ വലക്കുന്നു. ആഗസ്റ്റ് 5ന് പ്രവർത്തനമാരംഭിച്ച പുതിയ പാർക്കിംഗ് സ്ഥലത്ത് പഴയ നിരക്കിന്റെ ഇരട്ടിയോളമാണ് ഇപ്പോൾ ഈടാക്കുന്നത്. അമിത പാർക്കിംഗ് ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കൗൺസിൽ റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സേവനം സ്റ്റേഷനിൽ ലഭ്യമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഫീസ് വർദ്ധവ് ഇങ്ങനെ:

ടിക്കറ്റിനേക്കാൾ കൂടുതൽ

പ്രതിദിനം ഏകദേശം 8,000 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഇതിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളിലാണ് എത്തുന്നത്. തിരുവനന്തപുരത്തേക്ക് മൂന്നുമാസത്തെ സീസൺ ടിക്കറ്റിന് 355 രൂപ മാത്രം മതിയായിരിക്കെ, 8 മണിക്കൂറിന് 30 രൂപ പാർക്കിംഗ് ഫീസ് നൽകുന്നത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ഭാരമാണ്. ഇത് കാരണം പലരും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഒഴിവാക്കി റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ നിറുത്തിയിടാൻ നിർബന്ധിതരാകുന്നു.

വാഹനം തിരിക്കാനിടമില്ല

പുതിയ പാർക്കിംഗ് ഗ്രൗണ്ട് വന്നതോടെ പഴയ സ്ഥലങ്ങൾ കയർ കെട്ടി തടസപ്പെടുത്തിയിരിക്കുകയാണ്. ഇത് യാത്രക്കാരെ ഇറക്കാൻ വരുന്ന ഡ്രൈവർമാർക്ക് വാഹനം തിരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. റെയിൽവേ സബ് സെക്ഷൻ എൻജിനീയറുടെ ഓഫീസിന് മുൻവശത്തെ കയർ നീക്കം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.


കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ അമിത പാർക്കിംഗ് ഫീസ് പിൻവലിക്കണം. യാത്രക്കാരെ കൂടി വിശ്വാസത്തിലെടുത്താണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. കുറഞ്ഞ ചെലവിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. റെയിൽവേയുടെ വരുമാനത്തിന്റെ ഒരു പ്രധാന പങ്ക് യാത്രക്കാരുടേതാണെന്ന ബോധ്യം അധികാരികൾക്ക് ഉണ്ടാകണം

ഷാജഹാൻ രാജധാനി, നന്മമരം ദേശീയ കോ - ഓർഡിനേറ്റർ