photo

കരുനാഗപ്പള്ളി: അക്കാഡ‌മിക - ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ അമൃത വിശ്വവിദ്യാപീഠവും യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് ബാത്തും ധാരണാപത്രം ഒപ്പിട്ടു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഒഫ് ബയോടെക്നോളജി വിഭാഗം ഡീൻ ഡോ. ബിപിൻ.ജി.നായർ, ബാത്ത് സർവകലാശാലയിലെ സയൻസ് വിഭാഗം ഡീൻ പ്രൊഫ. ഡങ്കൻ ക്രെയ്ഗ്, അസോസിയേറ്റ് ഡീൻ (ഇന്റർനാഷണൽ) പ്രൊഫ. മൊമ്ന ഹെജ്മാദി എന്നിവർ ധാരണാപത്രം കൈമാറി. ഗവേഷണം, അക്കാഡമിക് കൈമാറ്റം, ബയോടെക്നോളജി രംഗത്തെ ഉയർന്ന നിലവാരത്തിലുള്ള പഠനാവസരങ്ങൾ എന്നീ മേഖലകളിലാകും രണ്ട് സർവകലാശാലകളും സഹകരിക്കുക.

അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നിന്ന് ഒരു മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി ബാത്ത് സർവകലാശാലയിൽ ബയോ ടെക്നോളജി വിഷയത്തിൽ മാസ്റ്റേഴ്സ് പഠനം തുടരാം. ഇരുസ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി ലോകോത്തര അദ്ധ്യാപനവും ആധുനിക ഗവേഷണവും വൈവിദ്ധ്യമാർന്ന അക്കാഡമിക് അനുഭവങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാത്തിലെ അന്താരാഷ്ട്ര പ്രശസ്തരായ അദ്ധ്യാപകരുടെ അറിവും അമൃതയിലെ പരിചയസമ്പന്നരായ അദ്ധ്യാപകരുടെ കഴിവുകളും വിദ്യാർത്ഥികൾക്ക് ഇരട്ടഗുണം ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി. 2025-26 അക്കാഡമിക് വർഷം മുതൽ അമൃതയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ ബാത്ത് സർവകലാശാല സ്വീകരിക്കും.