കൊല്ലം: ഷാർജയിൽ മരിച്ച തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയും അതുല്യയുടെ അമ്മയുമായ തുളസീഭായി വീണ്ടും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പിതാവ് എസ്.രാജശേഖരൻ പിള്ള, സഹോദരി അഖില എന്നിവരും ആശ്രാമത്തെ കൊല്ലം-പത്തനംതിട്ട ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലെത്തിരുന്നു. വരും ദിവസങ്ങളിൽ ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

രാവിലെ 11.30ന് എത്തിയ ഇവർ വൈകിട്ട് നാലരയോടെയാണ് മടങ്ങിയത്. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 13ന് തേവലക്കരയിലെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതുല്യയുടെ ഭർത്താവ് സതീഷ് ഉപദ്രവിച്ചതിന്റെ പാടുകൾ വിശദമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് കൈമാറി. ഇവ പഴയ ദൃശ്യങ്ങളാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. അതിനാൽ അവയുടെ പഴക്കം സംബന്ധിച്ച അന്വേഷണവും നടത്തിയേക്കും. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ 10ന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ സതീഷിനെ കൊല്ലം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കഴിഞ്ഞ ജൂലായ് 19നാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.