കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിനായി അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്‌മെന്റ് അതോറിട്ടി​രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വൈകിക്കുന്ന സർക്കാർ നടപടിയിൽ ലീഗ് ഫോർ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ജില്ലാ സമിതി പ്രതിഷേധി​ച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ ഗവൺമെന്റ് ഏജൻസികളെയും യോജിപ്പിച്ചുകൊണ്ട് കായലിന്റെയും തീരത്തിന്റെയും സംരക്ഷണത്തിനായി പരിസ്ഥിതി സൗഹൃദ നടപടികളാണ് അതോറിട്ടി​യുടെ രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കായൽ സംരക്ഷണം അന്താരാഷ്ട്ര പരിസ്ഥിതി വേദികളിൽ അടക്കം ചർച്ച ചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജി​ല്ല പ്രസിഡന്റ് ശരീഫ് ചന്ദനത്തോപ്പ് അദ്ധ്യക്ഷത വഹി​ച്ചു. ഡോ. അഷറഫ് ഷാ, പി.ജി. വിനോദ്, മാജിത വഹാബ്, ക്ലാപ്പന റഹീം, ഷാജഹാൻ ഇല്ലം, സിറാജുദ്ദീൻ, ജെ. ദേവേന്ദ്രൻ, എൻ.ജെ. അൻസർ, എം.എ. താഹ, മുബീന അഷ്ടമുടി, എച്ച്. കബീർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അസീം പത്തനാപുരം സ്വാഗതം പറഞ്ഞു.