ഓടനാവട്ടം: വെളിയം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഒരു പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വെളിയത്ത് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നവീകരണം പൂർത്തിയാക്കിയ നെടുമൺകാവ് - ഓടനാവട്ടം റോഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്കൂളുകളും റോഡുകളും നവീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ റോഡ് പദ്ധതികൾക്ക് പഞ്ചായത്തുകൾക്ക് സർക്കാർ സഹായം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് സുവിധ അദ്ധ്യക്ഷയായ ചടങ്ങിൽ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് സ്വാഗതം ആശംസിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് സംസാരിച്ചു. വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാരഘുനാഥ് നന്ദി പറഞ്ഞു.