xxx
പൂയപ്പള്ളി കോഴിക്കോട് എൻ.ജെ.പി.എം എൽ. പി. സ്കൂൾ റോഡിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞെത്തുന്ന കുട്ടികളെ പി. ടി. എ പ്രസിഡന്റ്‌ സജി പുരുഷോത്തമന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ വെള്ളക്കെട്ടിൽ വീഴാതെ കടത്തിവിടുന്നു

ഓടനാവട്ടം: പൂയപ്പള്ളി കോഴിക്കോട് എൻ.ജെ.പി.എം.എൽ.പി സ്കൂളിലേക്കുള്ള റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും, റോഡിന്റെ വശങ്ങളിലെ കാടും വിദ്യാർത്ഥികളെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

ചെറിയൊരു മഴ പെയ്താൽ പോലും മാലിന്യം നിറഞ്ഞ വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡിന് തൊട്ടടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ, സ്കൂൾ കുട്ടികളെ ഈ വെള്ളക്കെട്ടിലൂടെ വളരെ സാഹസികമായാണ് രക്ഷിതാക്കളോ അദ്ധ്യാപകരോ കടത്തിവിടുന്നത്. കാൽ ഒന്നു തെന്നിയാൽ അവർ ചെളിക്കുഴിയിൽ വീഴാനുള്ള സാദ്ധ്യതയുമുണ്ട്. വെള്ളക്കെട്ട് കാരണം കാൽനടയാത്രക്കാർക്ക് റോഡിന്റെ ഓരം ചേർന്ന് നടക്കാനും കഴിയുന്നില്ല.

ഇഴജന്തുക്കളുടെ ഭീഷണി

റോഡിന്റെ ഒരു വശത്ത് കാട് വളർന്ന് റോഡിലേക്ക് പന്തലിച്ചു നിൽക്കുകയാണ്. ഇത് ഇഴജന്തുക്കൾക്ക് വെള്ളക്കെട്ടിലേക്ക് ഇറങ്ങാനും അതുവഴി യാത്രക്കാർക്ക് ഭീഷണിയാകാനും സാദ്ധ്യതയുണ്ട്. കൂടാതെ, നിരവധി വീടുകളിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. സന്ധ്യ കഴിഞ്ഞാൽ മുതിർന്നവർക്ക് പോലും മറ്റൊരാളുടെ സഹായമില്ലാതെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി അധികൃതർ ഇടപെട്ട് വെള്ളക്കെട്ടിനും കാടിനും ഒരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

സ്കൂളിനടുത്തുള്ള ഈ മാലിന്യം നിറഞ്ഞ വെള്ളക്കെട്ടും കാൽനടയായെത്തുന്ന വിദ്യാർത്ഥികൾക്കും, യാത്രക്കാർക്കും വളരെ ഭീഷണിയാണ്. ഒരുവശത്തെ കാട് കാരണം സൈഡ് ചേർന്നു നടക്കാനാവില്ല. പലപ്പോഴും സ്കൂൾ ജീവനക്കാരും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സഹായിച്ചാണ് കുട്ടികളെ അപകടമില്ലാതെ കരക്കെത്തിക്കുന്നത്. പഞ്ചായത്ത്‌ അധികൃതർ മേൽ നടപടികൾ സ്വീകരിച്ച് വെള്ളക്കെട്ടിനും കാടിനും പരിഹാരം ഉണ്ടാക്കണമെന്നാണ് അഭ്യർത്ഥന.

സജി പുരുഷോത്തമൻ

പി.ടി.എ പ്രസിഡന്റ്‌

എൻ.ജെ.പി.എം.എൽ.പി ആൻഡ് പ്രീ പ്രൈമറി സ്കൂൾ