bandhi
കരീപ്ര ഗ്രാമ പഞ്ചായത്തിൽ ഇടയ്ക്കിടം ദ്വീപിലെ ബന്ദി പൂ കൃഷി.

എഴുകോൺ : മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ബന്ദിപ്പൂക്കളുടെ മനോഹരമായ കാഴ്ചയാണ് കരീപ്ര ഗ്രാമത്തിൽ എവിടെയും. ഓണവിപണി ലക്ഷ്യമിട്ട് 18 വാർഡുകളിലെ 54 വനിതാ കൂട്ടായ്മകളാണ് കരീപ്രയെ ഈ പൂക്കാലം കൊണ്ട് നിറച്ചത്. കരീപ്ര ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, കൃഷിഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് വനിതാ സ്വയംസഹായ സംഘങ്ങൾ ഈ കൃഷി ഏറ്റെടുത്തത്.

ആവേശമായി ബന്ദി വസന്തം

ഇടയ്ക്കിടം ദ്വീപിൽ ആദ്യമായി ബന്ദി കൃഷി ചെയ്ത വീട്ടമ്മമാർ വലിയ ആവേശത്തിലാണ്.1250 മൂട് ബന്ദിത്തൈകളാണ് ഇവർ നട്ടത്. ജൂൺ 20 മുതൽ നാലു ദിവസമായിരുന്നു നടീൽ.ഒരു മൂട്ടിൽ നിന്ന് 20 തണ്ടുകൾ വരെയാണ് പൊട്ടിക്കിളിർത്തത്. നല്ല വലിപ്പമുള്ള പൂക്കൾ കിട്ടുകയും ചെയ്തു. മഞ്ഞപ്പട്ടുടുത്ത് മനോഹരമായ കൃഷിയിടം കണ്ടതോടെ ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവീക്ഷേത്രത്തിൽ നിന്ന് പൂവിന് ഓർഡറും എത്തി. തെക്കേമഠത്തിൽ പ്രസന്നാദേവി,പുതുശ്ശേരി മഠത്തിൽ ഗീത നമ്പ്യാർ,താന്നിക്കൽ സരസ്വതി അമ്മ,പുലിയൂർപള്ളിയിൽ സന്ധ്യ എന്നിവരുടേതാണ് ഇവിടുത്തെ കൃഷി.

സാദ്ധ്യതയേറെ

വീട്ടമ്മമാർക്ക് വരുമാനമാർഗ്ഗം എന്ന നിലയിൽ വലിയ സാദ്ധ്യതയാണ് ബന്ദിപ്പൂ കൃഷിയിലുള്ളത്. 15 ഗ്രാം വിത്തിൽ ആയിരം തൈകൾ വരെ കിട്ടും. ഒരുമാസം കൊണ്ട് തൈകൾ മാറ്റി നടാം.അഞ്ചുമാസം കഴിഞ്ഞാൽ വിളവെടുക്കാനും സാധിക്കും.

കരീപ്രയിൽ വ്യാപകമായി ബന്ദി പൂ കൃഷി ചെയ്യാൻ പദ്ധതിയുണ്ടാകും. ഇതിനാവശ്യമായ തുക പഞ്ചായത്ത് വകയിരുത്തും.

സി. ഉദയകുമാർ,

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്