പ്രദേശത്തെ വീടുകളിലേക്കുവരെ അഴുക്കുവെള്ളം കയറുന്നു
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട പൈലിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ ചെളിവെള്ളം അടക്കം ഓടയിലേക്ക് ഒഴുക്കി വിടുന്നതിനാൽ, കോർപ്പറേഷൻ കന്റോൺമെന്റ് ഡിവിഷനിലെ സി.എസ്.ഐ കൺവെൻഷൻ സെന്ററിന് പിൻഭാഗത്തുള്ള ഓടയിൽകാവ് പ്രദേശത്തെ പറമ്പുകളിലേക്കും വീടുകളിലേക്ക് വെള്ളം കയറുന്നു.
റെയിൽവെ സ്റ്റേഷനുള്ളിൽ പ്ലാറ്റ്ഫോമുകൾക്ക് താഴെ വളരെ ആഴത്തിലാണ് ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പൊതുഓട കടന്നുപോകുന്നത്. പുറത്തുനിന്നുള്ള വെള്ളം കൂടാതെ റെയിൽവെ സ്റ്റേഷനുള്ളിൽ നിന്നും ഈ ഓടയിലൂടെ വ്യാപകമായി മലിനജലം ഒഴുക്കുന്നുണ്ട്. ഇതാണ് വീടുകളിലേക്കുൾപ്പെടെ കയറുന്നത്. നിർമ്മാണ ജോലിക്കാരിൽ ചിലർ റെയിൽവെയുടെ ഭൂമിയിൽ ഓട അവസാനിക്കുന്ന മൂടിയില്ലാത്ത ഭാഗത്ത് രാത്രികാലത്ത് മലിനജലം ചെളിവെള്ളമുൾപ്പെടെ തള്ളുകയാണെന്നാണ് ആക്ഷേപം.
കിണറുകളിലും ഈ മലിനജലത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഇതോടെ കുടിവെള്ള പ്രശ്നവും പ്രദേശത്ത് രൂക്ഷമാണ്. 350 ഓളം കുടുംബങ്ങളിൽ 15 വീടുകളിലാണ് പ്രശ്നം രൂക്ഷമായത്. രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. അഴുക്കു വെള്ളത്തിൽ ചവിട്ടി ചൊറിച്ചിലടക്കം അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു.
ചെളിയിൽ തെന്നി വീഴുന്നു
ചെളിയിൽ തെന്നി കുട്ടികൾ ഉൾപ്പെടെ വീഴുന്നതും പതിവാണ്. ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടാണ്.
വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറുന്നത് രൂക്ഷമായപ്പോൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ, സി.എസ്.ഐ ഓഡിറ്റോറിയത്തിന് പിന്നിലേക്ക് ഒഴുകുന്ന ഓടയുടെ മണ്ണുമാറ്റി രണ്ടുതവണ വൃത്തിയാക്കിയിരുന്നു. എന്നാൽ, റെയിൽവേ ചെളിയും മണ്ണും ഉൾപ്പെടെ ഒഴുക്കി വിടുന്നതിനാൽ സാഹചര്യം വഷളായി.
നിരവധിതവണ റെയിൽവേ കരാറുകാരെയും നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള എൻജിനിയറെയും ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് തർക്കിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടയ്ക്ക് മണ്ണ് നീക്കം ചെയ്ത്, ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഒഴുക്കി വിട്ടു. ഈ നടപടി റെയിൽവേ അവസാനിപ്പിക്കണം
അഡ്വ. എ.കെ.സവാദ്, ഡിവിഷൻ കൗൺസിലർ
റെയിൽവേയുടെ അനാസ്ഥ കാരണം ദിവസങ്ങളായി തുടരുന്ന ദുരിതമാണ്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ പുറത്തേക്ക് ഇറങ്ങാൻ പോലും ബുദ്ധിമുട്ടുകയാണ്
ഷിബു മുണ്ടയ്ക്കൽ, സി.പി.ഐ കന്റോൺമെന്റ് ബ്രാഞ്ച് സെക്രട്ടറി