മടത്തറ: മടത്തറ - കുളത്തൂപ്പുഴ മലയോര ഹൈവേയിൽ വന്യമൃഗങ്ങളുടെ ആക്രമണം കാരണം അപകടങ്ങൾ വർദ്ധിക്കുന്നു. റോഡിന് കുറുകെ ചാടുന്ന മൃഗങ്ങൾ കാരണം യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ മാസം അരിപ്പയ്ക്ക് സമീപം ഒരു കാട്ടുപോത്ത് ജീപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് യാത്രക്കാർക്ക് സാരമായ പരിക്കേറ്റിരുന്നു.

പകലും രാത്രിയും ഭീഷണി

പകലും രാത്രിയുമില്ലാതെ ആന, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങൾ കാടിറങ്ങി ഹൈവേയിലേക്കും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലേക്കും എത്തുന്നത് പതിവാണ്. ഇത് വ്യാപകമായ കൃഷിനാശത്തിനും ഇടയാക്കുന്നു. മടത്തറ മുതൽ ആര്യങ്കാവ് വരെയുള്ള പാതയിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ വേഗത കുറച്ച് യാത്ര ചെയ്തില്ലെങ്കിൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഹൈവേ അതോറിറ്റി ഉടൻ ഇടപെട്ട് വന്യമൃഗങ്ങൾ റോഡ് മുറിച്ചു കടക്കാൻ സാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

അപകടങ്ങൾ കുറയ്ക്കാൻ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നത് ഒരു പരിധിവരെ സഹായകമാകും.

അരുൺ രാജേന്ദ്രൻ

കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ