കൊല്ലം: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലും അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലും വിപുലമായി ആഘോഷിച്ചു. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ ശിഷ്യൻ സ്വാമി തുരീയാമൃതനന്ദ പുരി ദേശീയ പതാക ഉയർത്തി. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടികളുടെ ഭാഗമായി സ്കേറ്റിംഗ് ലോക റെക്കാർഡ് പ്രദർശനങ്ങൾ സംഘടിപ്പിച്ചു. അമൃതപുരിയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിറ്റ്‌നസ് ആൻഡ് സ്ട്രെംഗ്ത് സ്പോർട്‌സും ആസ്‌ക് യോൺ റോളർ സ്കേറ്റിംഗ് അക്കാഡമിയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
82 കുട്ടികൾ 79 മിനിറ്റ് തുടർച്ചയായി പതാക ഉയർത്തി സ്കേറ്റ് ചെയ്തുകൊണ്ട് സല്യൂട്ട് ചെയ്താണ് മൂന്ന് ലോക റെക്കാഡുകൾ സ്വന്തമാക്കിയത്. യുണൈറ്റഡ് ഇന്ത്യ വേൾഡ് റെക്കാഡ്, വേൾഡ് സ്പോർട്സ് റെക്കാഡ്സ്, അമേസിംഗ് വേൾഡ് റെക്കാഡ് എന്നീ റെക്കോർഡുകളാണ് ഇവർ നേടിയത്. കഴിഞ്ഞ വർഷവും ഇതേ വേദിയിൽ ഇവർ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ ചടങ്ങിന് ഫ്ലാഗ് ഒഫ് നൽകി. ഡോ. എസ്.എൻ.ജ്യോതി, ഡോ.വിശ്വനാഥൻ, ഡോ.എം.നിധീഷ്, ബിജീഷ് ചിറയിൽ എന്നിവർ സംസാരിച്ചു. വിവേക് വാവച്ചൻ, യഥുരാജ് എന്നിവർ പങ്കെടുത്തു.