കൊല്ലം: രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് അവബോധമുള്ള തലമുറയെ വാർത്തെടുക്കാൻ ഭരണഘടനയുടെ ആമുഖം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി, തുല്യത എന്നിവ പാലിക്കാൻ ഓരോ കേരളീയരും പ്രതിജ്ഞാബദ്ധരാണ്. ആശ്രാമം മൈതാനത്ത് 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനാധിപത്യ അവകാശ സംരക്ഷണം ലോകത്തിന് മാതൃകയാണ്. നവകേരളം മത-ജാതി വെല്ലുവിളികളെ അതിജീവിച്ചാണ് ഇതുവരെയെത്തിയത്. ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരു കുട്ടിയെയും മാറ്റിനിറുത്താൻ പാടില്ലെന്നും തുല്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് ഉൾപ്പടെ 20 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. പൂയപ്പള്ളി സർക്കാർ ഹൈസ്കൂൾ, കൊല്ലം റൂറൽ എസ്.പി.സി, ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാൻഡ് പ്ലാറ്റൂണുകൾ പരേഡിന് മികവേകി.
കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. പ്രദീപ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ വി.ദിനേശായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. പരേഡിൽ പങ്കെടുത്ത പ്ലാറ്റൂണുകൾക്ക് മന്ത്രി മെമന്റോ നൽകി. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്.പി വിഷ്ണു പ്രദീപ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, സബ് കളക്ടർ നിഷാന്ത് സിഹാര, ഡെപ്യുട്ടി മേയർ എസ്.ജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, കൊല്ലം തഹസിൽദാർ ജി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.