ക്ലാപ്പന: ക്ലാപ്പന ഗ്രാമത്തിന്റെ അഭിമാനമായ ഡോ. നജ്മ.എ.സലാം ആതുര സേവനമൊഴിഞ്ഞ് ഉത്തരാഖണ്ഡിലേക്ക് ഐ.എ.എസ് ട്രെയിനിംഗിനായി പോകുന്നു. രണ്ടാം ശ്രമത്തിൽ 482-ാം റാങ്കോടെയാണ് നജ്മ സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉയർന്ന മാർക്കോടെയുള്ള വിജയം. ആദ്യ അവസരത്തിൽ തന്നെ മെഡിക്കൽ എൻട്രൻസിൽ മികച്ച റാങ്ക്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. നാഷണൽ ഹെൽത്ത് മിഷനിലും സ്വകാര്യ ആശുപത്രിയിലുമായി രണ്ട് വർഷത്തെ സേവനത്തിന് ശേഷമായിരുന്നു സിവിൽ സർവീസിന് ശ്രമം. ആദ്യ പരിശ്രമത്തിലും നല്ല റാങ്കാണ് ലഭിച്ചത്. റെയിൽവേ സർവീസിൽ നിയമനം. പക്ഷേ, നജ്മ തൃപ്തയായില്ല. അതിനാൽ ലീവെടുത്തു. മെഡിക്കൽ സയൻസ് ഉൾപ്പടെ പൊതു വിഷയങ്ങളിൽ വിശാലവും ആഴത്തിലുമുള്ള അറിവായിരുന്നു വഴികാട്ടി. നല്ല രാഷ്ട്രീയ ബോധം. ലളിത ജീവിത ശൈലി. വളരെ സൗമ്യമായ പെരുമാറ്റം. ഇവയൊക്കെയും നജ്മയ്ക്ക് അനുഗുണമായി. ഇതോടെ ഒന്നുകൂടി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് തുടങ്ങി.
ഇതിനിടയിൽ നജ്മ റെയിൽവേ വിട്ട് ഡൽഹിയിൽ ഇൻഫർമേഷൻ സർവീസിൽ ചേർന്നിരുന്നു. അവിടെ നിന്ന് അവധിയെടുത്താണ് രണ്ടാംവട്ട സിവിൽ സർവീസ് പരീക്ഷ എഴുതി വിജയിച്ചത്. ഇനി ഡൽഹിയിലെത്തി ഇൻഫർമേഷൻ സർവീസിനോട് യാത്ര പറഞ്ഞ് ഐ.എ.എസ് ട്രെയിനിംഗിന് ചേരണം. നീണ്ടകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ ബിസിനസ് ചെയ്യുന്ന ക്ലാപ്പന തലവടിക്കുളങ്ങര അബ്ദുൽ സലാമിന്റെയും നുസൈഫയുടേയും മകളായ ഡോ. നജ്മയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്, മുഹമ്മദ് നജാതും ഹന്ന.എ.സലാമും.