കൊല്ലം: ആശുപത്രിയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ 65 കാരിയായ വൃദ്ധയെ പിന്നിൽ നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മീയണ്ണൂർ പുനുക്കന്നൂർ രോഹിണി നിലയത്തിൽ അനൂജിനെയാണ് (24) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10.30 ഓടെ മലയവയൽ വള്ളക്കടവ് ഭാഗത്തായിരുന്നു സംഭവം. കണ്ണനല്ലൂരിലുള്ള മകളുടെ വീട്ടിൽ താമസിക്കുന്ന വൃദ്ധ മരുമകനൊപ്പം കാലിലെ അസുഖത്തിന് വാക്കനാടുള്ള ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് ഇറക്കിയ ശേഷം മരുമകൻ ജോലിക്ക് പോയി. ഇവിടെ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുവരുമ്പോൾ വിജനമായ സ്ഥലത്തുവച്ചായിരുന്നു ആക്രമണം.
പിന്നിൽ നിന്ന് അടിച്ച് നിലത്തിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. വൃദ്ധ നിലവിളിച്ചതോടെ അനൂജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ വൃദ്ധ മകളോട് വിവരം പറയുകയായിരുന്നു. വീട്ടുകാർ കണ്ണനല്ലൂർ പൊലീസിലും ചാത്തന്നൂർ എ.സി.പിക്കും പരാതി നൽകി. ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നിർദേശ പ്രകാരം കണ്ണനല്ലൂർ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിൽ പ്രതിയെ തിരിച്ചറിയുകയും വൈകിട്ടോടെ മീയണ്ണൂർ പഞ്ചായത്ത് മുക്കിൽ നിന്ന് പിടികൂടുകയുമായിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.