xxx
കിടപ്രത്തെഹൈടെക് ചെമ്മീൻ ഫാമും പട്ടകടവ് വട്ടക്കായാലും

പടിഞ്ഞാറെ കല്ലട : മൺറോത്തുരുത്ത് പഞ്ചായത്തിൽ ഉൾപ്പെട്ടതും പടിഞ്ഞാറേ കല്ലടയിലെ കോതപുരം വാർഡിനോട് ചേർന്ന് കിടക്കുന്നതുമായ കിടപ്രം വടക്ക് വാർഡിനെ വില്ലേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാല് വശവും ജലാശയങ്ങളാൽ ചുറ്റപ്പെട്ട ഈ ദ്വീപ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോന്ന ശാന്തവും മനോഹരവുമായ പ്രദേശമാണ്. ടൂറിസം വികസനത്തിന് ഏറെ സാദ്ധ്യതകളുണ്ടായിട്ടും അധികൃതർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പഞ്ചായത്തിനും നാട്ടുകാർക്കും വരുമാനമാർഗം വർദ്ധിപ്പിക്കാനും സഹായിക്കും. ഗ്രാമത്തിലെ പരമ്പരാഗത തോടുകളിൽ വർഷങ്ങളായി അടിഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്യണം.കൂടാതെ , പട്ടക്കടവ് വട്ടക്കായലിൽ ബോട്ടിംഗിനും, കൊട്ടവഞ്ചി , ആൾക്കാർ തുഴയുന്ന വള്ളങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണം .

എൻ.ചന്ദ്ര ലാൽ

തറയിൽ വീട് , കിടപ്രം

ചെലവ് കുറഞ്ഞ രീതിയിൽ സഞ്ചാരികൾക്ക് എത്താൻ നിലവിൽ പൊതുഗതാഗത സൗകര്യങ്ങൾ ഇല്ല. കൊല്ലത്തുനിന്ന് കിടപ്രം മലയിൽ കടവ് വരെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. മിനി ബസ് സർവീസ് നിലച്ചിട്ട് വർഷങ്ങളായി. കൂടാതെ, കല്ലടയാറിന്റെ തീരത്തുള്ള മലയിൽ കടവ് ബോട്ട് ജെട്ടി പുനർനിർമ്മിക്കേണ്ടതും അത്യാവശ്യമാണ്.

വിമല,

റിട്ട.ടീച്ചർ

(മുൻ അഡീഷണൽ പി.എ ഫിഷറീസ് വകുപ്പ് മന്ത്രി )

കിടപ്രത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാർ വക ഭൂമിയുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് അതിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഡിപ്പാർട്ട്മെന്റ് ഒഫ് ടൂറിസം ഡയറക്ടർക്ക് സമർപ്പിക്കണം.അത് ലഭിച്ചു കഴിഞ്ഞാൽ സാദ്ധ്യതാ പഠനം നടത്തി അതിന് ആവശ്യമായ ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ജ്യോതിഷ് കേശവൻ ,

ഡി.ടി.പി.സി സെക്രട്ടറി ,കൊല്ലം.