കൊല്ലം: മരുത്തടി, കന്നിമേൽ ഡിവിഷനുകളിൽ 20 ദിവസത്തോളം നീണ്ട കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കോതേരിച്ചിറയിലെ തോടിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി തോടിന്റെ വശങ്ങളിലെ മാലിന്യവും മണ്ണും ചെളിയും ജെ.സി.ബിക്ക് നീക്കം ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടിയതാണ് കുടിവെള്ളസക്ഷാമമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൊട്ടിയ പൈപ്പ് ഒരാഴ്ച മുൻപാണ് കരാറുകാരുടെയും വാട്ടർ അതോറിട്ടിയുടെയും നേതൃത്തിൽ നന്നാക്കിത്തുടങ്ങിയത്. കന്നിമേൽ ഡിവിഷന്റെയും മരുത്തടി ഡിവിഷന്റെയും ഇടയിലുള്ള ഈ തോട്ടിൽ മഴക്കാലമായതോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇത് പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്ക് തടസമായി. മഴ അല്പം ശമിച്ചതോടെ കെട്ടിനിന്ന വെള്ളം മോട്ടർ ഉപയോഗിച്ച് മൂന്നു ദിവസംകൊണ്ട് നീക്കി പൈപ്പ് നന്നാക്കുകയായിരുന്നു. തുടർന്ന് കുടിവെള്ളം പമ്പ് ചെയ്തു.
പൈപ്പ് തകർന്നതിനെ തുടർന്ന് മരുത്തടി വാസുപിള്ള മുക്കിനു പടിഞ്ഞാറ് കോതേരിച്ചിറ ഭാഗത്ത് രണ്ട് ഡിവിഷനുകളിലായുള്ള 25 കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇതിൽ മരുത്തടി ഡിവിഷനിലുള്ള മൂന്ന് കുടുംബങ്ങളാണ് ഏറെ വലഞ്ഞത്. ഇവിടേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ടാങ്കറിൽ വെള്ളമെത്തിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. കന്നിമേൽ ഡിവിഷനിലുള്ള വീടുകളിലേക്ക് നിരവധി തവണ ടാങ്കറിൽ വെള്ളം എത്തിച്ചിരുന്നെങ്കിലും കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ ഇവരിൽ ഭൂരിഭാഗവും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയ സാഹചര്യവുമുണ്ടായിരുന്നു.
കുടിവെള്ള പ്രശ്നം പരിഹരിച്ചു. എല്ലാവീടുകളിലും വെള്ളം കിട്ടിത്തുടങ്ങി
എ.അശ്വതി (കൗൺസിലർ, കന്നിമേൽ ഡിവിഷൻ), എം.സുമി (കൗൺസിലർ, മരുത്തടി ഡിവിഷൻ )