കൊല്ലം: പെരിനാട്, കുണ്ടറ പഞ്ചായത്തുകളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വെള്ളക്കെട്ടിന് പരിഹാരമായിക്കൊണ്ട് വെട്ടിലിൽ തലക്കുളം നിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്തും സോയിൽ കൺസർവേഷനും ചേർന്നാണ് മാലിന്യത്തിൽ മുങ്ങിക്കുളിച്ചു കിടന്ന കുളത്തിന്റെ പുനർ നിർമ്മാണം 33 ലക്ഷം രൂപ ചെലവിൽ നടത്തിയത്.

ചെറിയ മഴയിൽപ്പോലും ഇളമ്പള്ളൂർ ചിറയിൽ, വെട്ടിലിൽ, വയലിത്തറ, ചിറക്കോണം ഭാഗത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. എന്നാൽ കുളം നിർമ്മാണം പൂർത്തിയായതോടെ ഈ ദുരിതത്തിന് പരിഹാരമായി. കുണ്ടറ പഞ്ചായത്തിലെ ചിറയിൽ കുളത്തിൽ മഴക്കാലത്ത് 8 മീറ്റർ ഉയരത്തിൽ കൂടുതൽ വെള്ളം നിറഞ്ഞാൽ വെട്ടിലിൽ ഇടവട്ടം ഏലാ തോട് വഴി വെള്ളം തലക്കുളത്തെത്തും. 7 മീറ്റർ വ്യാസമുള്ള കുളത്തിൽ വെള്ളം ശേഖരിച്ച ശേഷം അധികം വരുന്നത് ഇടവട്ടം ഏലാത്തോട് വഴി കണ്ടച്ചിറ ചീപ്പിൽ എത്തിക്കുന്ന മികച്ച സംവിധാനമാണ് കുളം നിർമ്മാണത്തോടൊപ്പം പൂർത്തിയാക്കിയത്.

കുളത്തിൽ കാത്തിരിപ്പിന്റെ വർഷങ്ങൾ

 അറ്റകുറ്റപ്പണി മുടങ്ങിയിട്ട് 40 വർഷം

 മാലിന്യം മൂടി അന്യാധീനപ്പെട്ട അവസ്ഥ

 പായലും ചെളിയും അടി​ത്തട്ടി​ൽ കുമി​ഞ്ഞുകൂടി

 ചതുപ്പ് നിലത്തിന് സമാനമായിരുന്നു

 നാട്ടുകാരും മാലി​ന്യം തള്ളാൻ തുടങ്ങി​

 ഇതോടെ അവസ്ഥ രൂക്ഷം

 പരിഹാരമായി ചെളി അടക്കമുള്ള മാലിന്യം നീക്കി

 ആഴം കൂട്ടി, വശങ്ങൾ സംരക്ഷിക്കാൻ കരിങ്കൽ ഭിത്തി

മഴക്കാലത്തു പോലും കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന ഇളമ്പള്ളൂർ, പാലവിള, നാന്തിരിക്കൽ വെട്ടിലിൽ, വയലിത്തറ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കുളത്തിനു സമീപം കുഴൽക്കിണർ നിർമ്മാണത്തിന് ഭൂതല ജല അതോറിട്ടിയുടെ അംഗീകാരം തൊട്ടടുത്ത ദിവസങ്ങളിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷ

ജാഫി മജീദ് വാർഡംഗം, പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ