കരുനാഗപ്പള്ളി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ, സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മത്സ്യ ലേല ഹാളും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി. നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചെറിയഴീക്കൽ അരയവംശ പരിപാലന യോഗത്തിന് സമീപം ഈ പദ്ധതി പൂർത്തിയാക്കിയത്. ചെറിയ യാനങ്ങൾ കരയ്ക്കടുപ്പിക്കുന്ന ഈ പ്രദേശത്ത് മത്സ്യവിപണനം നടത്താൻ ഉതകുന്ന ലേല ഹാൾ ഏറെ പ്രയോജനകരമാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. പമ്പ് ഹൗസും കുഴൽക്കിണറുമടങ്ങുന്നതാണ് പുതിയ കുടിവെള്ള പദ്ധതി. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ എൻ.എസ്. അജിത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർളി ശ്രീകുമാർ, ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ, പഞ്ചായത്ത് അംഗങ്ങളായ പ്രസീതാ കുമാരി, എസ്. ഷിജി, ചെറിയഴീക്കൽ അരയ വംശ പരിപാലന യോഗം പ്രസിഡന്റ് രാജപ്രിയൻ, ഐ.ആർ.ഇ.എൽ മാനേജർ അജികുമാർ, ചീഫ് മാനേജർ ബിമൽ ജോഷി, ട്രേഡ് യൂണിയൻ നേതാക്കളായ ചന്ദ്രമോഹനൻ, നാസറുദ്ദീൻ, നന്ദകുമാർ, സുഭാഷ്, അനിൽകുമാർ, സുരേഷ്, മണിലാൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു.