xxx
കൊട്ടാരക്കര ടൗണിലെ റോഡ് തകർന്ന നിലയിൽ

കൊട്ടാരക്കര: തിരക്കേറിയ കൊട്ടാരക്കര ടൗണിലെ സംസ്ഥാന ഹൈവേയുടെ ശോച്യാവസ്ഥ കണ്ടിട്ടും നടപടിയില്ലാതെ അധികൃതർ. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പുത്തൂർ റോഡിലേക്ക് തിരിയുന്ന ഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

അറ്റകുറ്റപ്പണികൾ പ്രഹസനം

കഴിഞ്ഞ നാല് വർഷത്തിനിടെ നിരവധി തവണ തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പച്ചമണ്ണും കരിങ്കൽ ചീളുകളും നിരത്തിയും പാറപ്പൊടി ഇട്ടും ടൈലുകൾ പാകിയും നടത്തിയ പരീക്ഷണങ്ങൾക്കൊന്നും ഒരു മാസത്തിൽ കൂടുതൽ ആയുസുണ്ടായിരുന്നില്ല. ഇപ്പോൾ ടൈലുകൾ പാകിയ ഭാഗത്ത് അവ ഇളകിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി.

അപകട ഭീഷണിയിൽ യാത്രക്കാർ

നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ രൂപപ്പെട്ട കുഴികളും തടസങ്ങളും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ ഭാഗത്തെ ഓടയുടെ സ്ലാബുകൾ തകർന്നും, റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു.

റോഡിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുത്തൂർ റോഡിന് എതിർവശത്ത് കുലശേഖരനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡാണ്. തൊട്ടു സമീപത്തുനിന്നാണ് സംസ്ഥാന പാതയിൽ നിന്ന് ഓയൂർ റോഡ് തിരിയുന്നത്. അതിനാൽ, ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഈ ഭാഗം അടിയന്തരമായി റീടാറിംഗ് നടത്തി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.